Saturday, August 10, 2013

മറക്കാനാവാത്ത പെരുന്നാള്‍ സമ്മാനം

അര പതിറ്റാണ്ട് കാലത്തെ ഇടവേളയ്ക്കു ശേഷം അമ്മായിയുടെ (ഉപ്പാന്റെ പെങ്ങള്‍) വീട്ടിലേക്കൊരു യാത്ര, അതും കുടുംബത്തോടൊപ്പം. ഞങ്ങളുടെ കുടുംബത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ മെമ്പര്‍. 
വഴി ദൂരം അകലം തീര്‍ത്ത ഈ ബന്ധത്തിലേക്ക് ആകസ്മികമായി കടന്ന് ചെന്നപ്പോള്‍ അവിടെയുണ്ടായത് വികാര നിര്‍ഭരമായ രംഗങ്ങള്‍. പരാതിയും പരിഭവവും കണ്ണീരും പുഞ്ചിരിയും ..........
രണ്ടു മണിക്കൂറിനു ശേഷം അമ്മായിയുടെ കൈ പിടിച്ചു സലാം പറഞ്ഞു പിരിയുമ്പോള്‍ വിതുമ്പലോടെ കെട്ടിപ്പിടിച്ചു ഇരു കവിളിലും കിട്ടിയ കണ്ണീര്‍ പുരട്ടിയ ചുംബനം ......
എന്റെ ജീവിതത്തിലെ ഏറ്റവുംവലിയ പെരുന്നാള്‍ സമ്മാനം............
അല്ലാഹു അവര്‍ക്ക് ദീര്‍ഘായുസ്സും, ആഫിയത്തും നല്‍കട്ടെ. ആമീന്‍

Sunday, June 16, 2013

വീണ്ടും ചില മഴക്കാഴ്ച്ചകള്‍

 കടല്‍ പോലെ എത്ര കണ്ടാലും കൊതി  തീരാത്ത ,കൌതുകം  വിട്ടുമാറാത്ത പ്രപഞ്ച നാഥന്റെ വരദാനമായ മഴ...........മന്ദഹസിച്ചും, തുള്ളിചാടിയും,പൊട്ടിച്ചിരിച്ചും  പിന്നെ പിന്നെ ആര്‍ത്തട്ടഹസിച്ചു സംഹാര ഭാവം പൂണ്ട മഴ........



Thursday, November 29, 2012

ഒരു പൂക്കോട്ടൂര്‍ പിച്ചാത്തി




ജോലി ഭാരം   സമയ പരിമിതിയിട്ടപ്പോള്‍ 
പള്ളിപ്പടിയെന്ന എന്റെ കൊച്ചു ഗ്രാമത്തിന്റെ 
വിശേഷപ്പെട്ട പകലുകള്‍ നഷ്ടപ്പെട്ട ഈയുള്ളവന്
അസുലഭമായി കിട്ടിയ ഒരു സായന്തനം.
പള്ളിപ്പടിക്ക് വിലപ്പെട്ട ഈ പേര് സമ്മാനിച്ച പള്ളിപ്പടിയുടെ 
ആത്മാവും അഭിമാനവും അഭയവുമായ പള്ളി.
പതിവില്ലാതെ തോന്നിയ ഒരുള്‍വിളി,
നിര്‍വ്ര്തിയോടെ നമസ്കാരം,
പ്രാര്‍ത്ഥന കഴിഞ്ഞു തിരിഞ്ഞതേയുള്ളൂ 
ഒരു വിളി..... 
"പണി പാളി"
ഒരു തബ്ലീഗുകാരന്‍.
ചിരപരിചിതമെങ്കിലും ശിലാ യുഗത്തിലെപ്പോലുള്ള മുഖ രാശി.
കണ്ണുകളില്‍ ഇര കിട്ടാതെ ഏറെ നേരം അലഞ്ഞ വേട്ട മ്ര്‍ഗത്തിന്റെ വിശപ്പ്.
ഇന്നത്തെ ദിവസം പോയി.
ജപിച്ച ദിക്റുകള്‍ തൊണ്ടയില്‍ കുരുങ്ങി.
മുഖത്ത് ഒരു വളിഞ്ഞ ചിരിയും ഒട്ടിച്ചു വെച്ച് ഇന്നത്തെ കണിയെ കുറിച്ചാലോചിച്ചു.
നീട്ടിയ കൈക്ക് മറു കൈ കൊടുക്കുമ്പോള്‍ 
തട്ടിന്‍ പുറത്ത് വച്ച കെണിയില്‍ കുടുങ്ങിയ എലിയെ സ്മരിച്ചു.
പതിവ് പോലെ വിശേഷങ്ങളിലൂടെ വിഷയങ്ങളിലേക്കുള്ള പുരോഗമനം.
"ഞാനിന്നു രാവിലെ ചായ കുടിച്ചു 
കുടിച്ചു ഞാന്‍ രാവിലെ ചായ 
രാവിലെയല്ലോ  ഞാന്‍ ചായ കുടിപ്പൂ" 
ഈ ശൈലിയില്‍ ഒരേ വിഷയത്തെ തന്നെ 
വൈവിധ്യത്തോടെ, സമഗ്രതയോടെ, ഒട്ടും ആവര്‍ത്തന വിരസതയില്ലാതെ,
പരസ്പര ബന്ധത്തിന്റെ മുഖം മൂടികളില്ലാതെയുള്ള അവതരണം.
സമയ സൂചികയിലും കലണ്ടറിലും മാറി മാറി നോക്കി എന്റെ സമയക്കുറവും,
അട്ടത്തെ പല്ലിയിലും മയ്യത്ത് കട്ടിലിലെ മാറാലയിലും കണ്ണൂന്നി 
എന്റെ താല്പര്യക്കുറവും ഞാന്‍ പ്രകടിപ്പിച്ചു.
'രക്ഷയില്ലാ..........
ഉല്‍ബോധനം തുടരുക തന്നെയാണ്.
'ചെകുത്താനും കടലിനും നടുവില്‍, ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍, മോങ്ങാനിരുന്ന ...................'
തുടങ്ങിയ എല്ലാ പ്രയോഗങ്ങളും ചേരുന്ന അവസ്ഥയില്‍ ഒന്നൊന്നര  മണിക്കൂര്‍.

പെട്ടെന്നായിരുന്നു അത്.

മുജ്ജന്മ സുക്ര്തം ! .
അത്രയും നേരം ആ മാന്യന്‍ വിളംബരം ചെയ്തുകൊണ്ടിരുന്നതില്‍ വെച്ചേറ്റവും ഇമ്പമേറിയ വാക്കുകള്‍.
''ക്ഷമിക്കണം..........
എനിക്കല്പം തിരക്കുണ്ട്,
*ചെറിന്റെ മില്ലില്‍ പോകണം,
മല്ലിയും മുളകും മഞ്ഞളും   സമയത്തിനു പൊടിഞ്ഞു കിട്ടിയില്ലെങ്കില്‍ 
സഹധര്‍മ്മിണിക്ക് ദേഷ്യം അലട്ടുന്ന അസുഖമുണ്ട്.
മറ്റൊരവസരത്തില്‍ തുടരാം......... ക്ഷമിക്കണം''
ആ സഹധര്‍മ്മിണിക്ക് മനസ്സാലെ ഒരായിരം പൂചെണ്ടുകളര്‍പ്പിച്ചു ഞാന്‍ ക്ഷമിച്ചു.
ഒപ്പം കുരിശാരോഹന വേളയിലെ യേശുവിന്റെ പ്രാര്‍ഥനയും,
"ദൈവമേ..... ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല. ഇവരോട് പൊറുക്കേണമേ..........
*ചെറിയേ,.......
നീയും നിന്റെ പൊടിമില്ലും പള്ളിപ്പടിയുടെ തെരുവോരങ്ങളില്‍ ഇനിയും ഒരു നൂറു കൊല്ലം പൊടി പറത്തട്ടെ . 

സ്വകാര്യം: 1 ഇവിടെ പരാമര്‍ശിക്കപ്പെട്ട 'ഈയുള്ളവന്‍' യഥാര്‍ഥത്തില്‍  ഈയുള്ളവനല്ല. എന്റെ നാട്ടുകാരനും കൂട്ടുകാരനും  അരീക്കോട് ഐ.ടി.ഐ ല്‍ ഇന്‍സ്ട്രക്ടരുമായ ഹക്കീം തനിക്കുണ്ടായ ഒരു അനുഭവം സരസമായി പറഞ്ഞത് ഞാനിവിടെ വിരസമായി  അവതരിപ്പിച്ചു എന്നുമാത്രം. ഇത് വായിച്ചു ആരും എന്നെ തല്ലരുത്. എഴുതാന്‍ ഒരു വിഷയവും ഇല്ലാതെ പട്ടിണിയില്‍ കഴിയുമ്പോഴാണ് ഹക്കീം ഒരു പുതുമയുള്ള കഥയുമായി മുന്നിലെത്തുന്നത്. ആര്‍ക്കും നഷ്ടമില്ലാത്ത കച്ചവടമല്ലേ......... കിടക്കട്ടെ  ബ്ലോഗ്ഗില്‍ എന്ന് ഞാനും.

ചെറി. ഞങ്ങളുടെ നാട്ടിലെ ഫ്ലോര്‍ മില്‍ നടത്തിപ്പുകാരന്‍. ഒറിജിനല്‍ പേര് മുഹമ്മദ്‌ ഇഖ്ബാല്‍.

Wednesday, October 3, 2012

വിശപ്പിന്റെ വിളി

                                                                       
നാഷണല്‍ ഹൈവേയില്‍ പിടഞ്ഞമര്‍ന്ന  ഹത ഭാഗ്യന്റെ 
ചുടു നിണം ചാലിച്ച മാംസത്തുണ്ടുകള്‍  
ആവേശത്തോടെ കൊത്തി വലിക്കവേ,  
പിന്നില്‍ നിന്നും പാഞ്ഞു വന്ന കറുത്ത ചക്രങ്ങള്‍ 
നിശ്ചലമാക്കിയ എന്‍ ശരീരത്തിന്റെ അവസാന തുടിപ്പ് നിലയ്ക്കും മുമ്പേ  
 ഒരു മിന്നായം പോലെ ഞാന്‍ കണ്ടു, എന്നില്‍ വിശപ്പകറ്റാന്‍ 
പാറിയടുക്കുന്ന അടുത്ത ഹത ഭാഗ്യനെ.

Tuesday, September 25, 2012

ഒരു പെറ്റമ്മയുടെ വിലാപം


എന്തെ ഞാനിങ്ങനെയായി ?
ഞാനാര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല.
കയ്യിലുള്ളതത്രയും വാരിക്കോരി കൊടുത്തു. 
എന്നിട്ടും  എന്റെ ജനനം പോലും പലരും അശുഭ ലക്ഷണമായി കരുതി.
ജന്മം കൊടുത്ത  മൂന്നു  മക്കള്‍......
അമ്മിഞ്ഞപ്പാലിന്റെ  മണം മാറും  മുമ്പേ 
രണ്ടു പേരെയും കവര്‍ന്നു കൊണ്ട് പോയി എന്റെ അയല്‍ക്കാരന്‍.
എന്റെ നിലവിളിയും വിലാപവും   ആരും കേട്ടില്ല. 
എന്റെ രണ്ടു മക്കളെ കൊണ്ട് അയല്‍ക്കാരന്‍ പ്രശസ്തനായപ്പോള്‍ 
മൂന്നാമനെ കൊണ്ട് ഞാനും (കു)പ്രസിദ്ധയായി..
എനിക്കറിയില്ല, സത്യത്തില്‍  അവനെന്റെ മോനായിരുന്നോ ? 
പലരും എന്നെ  അങ്ങനെ  പറഞ്ഞു വിശ്വസിപ്പിച്ചു.
അവന്‍ നാടുമുഴുവന്‍ അശാന്തി പരത്തി. 
കൊടി സുനി-കിര്‍മാനി മനോജ്മാര്‍ക്ക് അവന്‍ പ്രിയപ്പെട്ടവനായി.
ആര്‍ക്കും വേണ്ടാത്തവളായി, വെറുക്കപ്പെട്ടവളായി  
അവഗണയും കുത്തുവാക്കുകളും പേറി ഞാനിന്നും ജീവിക്കുന്നു.
 ലോകത്ത് ഒരമ്മക്കും ഈ ഗതി വരരുതേ  എന്ന  പ്രാര്‍ഥനയോടെ........
 (*ഞാന്‍= മലപ്പുറം)
(*അയല്‍ക്കാരന്‍= കോഴിക്കോട്)
(*മക്കള്‍= 1   കോഴിക്കോട് സര്‍വ്വകലാശാല. തേഞ്ഞിപ്പലം,മലപ്പുറം.  2  കാലികറ്റ് എയര്‍പോര്‍ട്ട്, കൊണ്ടോട്ടി , മലപ്പുറം.  3  മലപ്പുറം കത്തി.)

Sunday, September 16, 2012

മൌനത്തിന്റെ വില =Rs 5/-

                                                                   എന്റെ മൌനത്തിന് ഒരുപാട് അര്‍ത്ഥമുണ്ടെന്നോ,  ആയിരം വാക്കുകളേക്കാള്‍ വിലയുണ്ടെന്നോ മറ്റോ പറയാന്‍ വേണ്ടി  നമ്മുടെ മന്മോഹന്ജി മൌനം വെടിഞ്ഞപ്പോള്‍ അതിനു ഇത്രേം വിലയുണ്ടാവുമെന്നു സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.  വര്‍ദ്ധിപ്പിച്ച പെട്രോള്‍ വിലയുടെയും ഹര്‍ത്താലിന്റെയും മണം മായും മുമ്പേ കിട്ടി ഡീസല്‍ വില വര്‍ദ്ധനവിന്റെയും പാചക വാതകത്തിന്റെയും രൂപത്തില്‍  പുതിയ ഉപഹാരം.   അകമ്പടിയായി ഹര്‍ത്താലും.  ഒരു  സുഹുര്‍ത്തു ഫെയ്സ്ബുക്കിലൂടെ പോസ്റ്റു ചെയ്ത  പോലെ ആരെങ്കിലും കരുതിയിരുന്നോ ഇന്ത്യന്‍ കറന്‍സിയില്‍ ഒപ്പ് വെച്ചിരുന്ന ഈ തലയില്‍ കെട്ടുകാരന്‍  സാധാരണക്കാരനെ 'കുളിപ്പിച്ച് കിടത്താന്‍' പ്രധാന മന്ത്രിയായി  വരുമെന്ന് ! ഏതു നരകത്തിലെക്കാന് ഇയാള്‍ ഈ നാടിനെയും ഈ ജനതയെയും നയിക്കുന്നത്? 
                                                                    ഈ പോക്ക്  പോയാല്‍ കേരളത്തിലെ  അവസാനത്തെ കോണ്ഗ്രസ്സ് മുഖ്യ മന്ത്രി  ഉമ്മന്‍ ചാണ്ടിയായിരിക്കുമെന്നു  വിവരക്കേട് കൊണ്ടോ എന്തോ, സ്വന്തം  നേതാവിനെ കുറിച്ച്  ഇമ്മിണി വലിയൊരു നേതാവ് പ്രസ്താവനയിറക്കിയ പോലെ ഈ വിഷയങ്ങളിലൊന്നും പ്രതികരിക്കാന്‍  ആ നേതാവിനെ കണ്ടില്ലെങ്കിലും സാമാന്യ ബോധമുള്ള ജനത്തിനു സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു ഭാരത മഹാ രാജ്യത്തിന്റെ അവസാന കോണ്ഗ്രസ്സ് പ്രധാന മന്ത്രിയോ മന്‍മോഹന്‍ സിംഗ് എന്ന്! 
                                                                     പാശ്ചാത്യ ദാസ്യപ്പണി കഴിഞ്ഞു സമയം കിട്ടുമ്പോള്‍,  സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ കെല്‍പ്പില്ലാത്ത ആഫ്രിക്കയിലെയും  ഏഷ്യയിലെയും  പട്ടിണി രാജ്യങ്ങളില്‍ ഒരു മിന്നല്‍ സന്ദര്‍ശനമെങ്കിലും നടത്താന്‍ നമ്മുടെ പ്രധാന മന്ത്രിക്ക്‌ ആഹ്രഹമുണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.   അവരോടു കനിവ് തോന്നി അവര്‍ക്ക് സഹായം പ്രഖ്യാപിക്കാനല്ല,    അവിടങ്ങളിലെ പെട്രോളിയം മന്ത്രാലയങ്ങലുമായി ചര്‍ച്ച നടത്തട്ടെ എങ്ങനെ പെട്രോള്‍-ഡീസല്‍  വില വര്‍ദ്ധിപ്പിക്കാതെ ഭരണം നടത്താമെന്ന് കണ്ടു പഠിക്കട്ടെ! കറന്‍സി മൂല്യത്തില്‍ ഇന്ത്യയേക്കാള്‍ ബഹു ദൂരം പിറകിലുള്ള പല രാജ്യങ്ങളിലും ഇന്ധന വില ഇന്ത്യയിലെക്കാള്‍ എത്രയോ കുറവാണ്. 
                                                       പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയാധികാരം കമ്പനികള്‍ക്ക് പതിച്ചു നല്‍കിയ നിമിഷത്തെ ശപിക്കുന്നതോടൊപ്പം ഇതിനു കാരണക്കാരായവരെ പടിക്ക് പുറത്തു നിര്‍ത്തുമെന്ന ശപഥം കൂടി വോട്ടു ചെയ്ത പാവം ജനം പ്രാവര്‍ത്തികമാക്കിയാല്‍ പിന്നെ ഒരു തിരിച്ചു വരവ് കൊണ്ഗ്രസ്സിനെ സംബധിച്ചിടത്തോളം അത്ര എളുപ്പമാവില്ല.
                                                               

Monday, June 25, 2012

മഹീ........ നിനക്കായ്..........


മോളേ , മഹീ...........
നാലഞ്ചു നാള്‍ വരെ  നീ ഇന്നാട്ടില്‍ ആരുമല്ലായിരുന്നു.
മറ്റേതൊരു പെണ്‍കുട്ടിയെയും പോലെ അച്ഛനമ്മമാരുടെ 
ആശങ്കകള്‍ക്കും വേവലാതികള്‍ക്കും പ്രതീക്ഷകള്‍ക്കും  ഒപ്പം വളര്‍ന്ന 
കുഞ്ഞു പെങ്ങള്‍ !
 പക്ഷെ..........
നിന്റെ പിറന്നാള്‍ ദിനത്തില്‍ നിന്നെ ലോകമറിഞ്ഞു,
മണ്ണിന്റെ അഗാധതയില്‍ നിന്നും ഒരു നൊമ്പരമായി നീ പ്രശസ്തയായി .
ആ പ്രശസ്തിയില്‍ ഞങ്ങള്‍ക്ക്  അഭിമാനിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല,
നിനക്കായി ബാക്കി വെച്ച രണ്ടിറ്റു കണ്ണീരല്ലാതെ..................
ജീവിതത്തിനും മരണത്തിനുമിടയിലെ കൂരിരുളില്‍ 
നീ കഴിച്ചു കൂട്ടിയ നിമിഷങ്ങള്‍.............
എന്തൊക്കെ ഓര്‍മ്മകളും സ്വപ്നങ്ങളുമായിരിക്കാം 
നിന്റെ കുഞ്ഞു മനസ്സിലൂടെ മിന്നിമറഞ്ഞത്‌...........?. 
അച്ഛന്‍........ അമ്മ..............
പിറന്നാള്‍ സമ്മാനം..............
പുത്തനുടുപ്പ്‌...........
കുഞ്ഞു ചെരുപ്പ്...........
വിശാലമായ ലോകത്ത് പൂമ്പാറ്റയെപ്പോലെ പാറിപ്പറന്ന കളിക്കൂട്ടുകാര്‍............
എല്ലാമുപേക്ഷിച്ചു നീ പറന്നകന്നു.
നീയറിഞ്ഞുവോ,
ജാതിയും മതവും വര്‍ഗ്ഗവുമില്ലാതെ ഒരു ജനതയും,
സര്‍വ്വ സന്നാഹങ്ങളും പ്രാര്‍ഥനയുമായി 
ഞങ്ങളുണ്ടായിരുന്നു നിന്നെ തിരികെ കൊണ്ടുവരാന്‍.
പക്ഷെ.........
ആരെയും  കാത്തുനില്‍ക്കാതെ  നിന്റെ കുഞ്ഞു ചിറകുകള്‍ വീശി 
പുത്തനുടുപ്പണിഞ്ഞു  നീ പാറിയകന്നു.